Thursday, April 8, 2010

ദൈവം ഏപ്രകാരം ആണ് നമ്മില്‍ പ്രവര്‍ത്തിക്കുന്നത്?

നാം ഇന്ന് ആത്മീയതയുടെ ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. എവിടെ നോക്കിയാലും സുവിശേഷ യോഗങ്ങളും, കുടുംബ പ്രാര്‍ത്ഥന യോഗങ്ങളും, ഒക്കെ ആത്മീയതയെ വേറൊരു ലോകത്ത് കൊണ്ടെത്തിച്ചിരിക്കുക ആണ്. പല അവസരങ്ങളിലും നമ്മുടെ ചിന്ത ദൈവം ഏപ്രകാരം ആണ്  നമ്മില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് ആണ്. നമ്മുടെ ജീവിതത്തില്‍ നേരിടുന്ന അനുഭവങ്ങളില്‍ യേശു എനിക്ക് ആരാണ് എന്ന് ഇന്നത്തെ ഈ അത്മീയലോകം വളെരെ ശക്തമായി ചിന്തിക്കണം. അതിനായി ദൈവവചനം നമുക്ക് പ്രേരണ നല്‍കട്ടെ.

നാം ദൈവത്തെ ഏതു രീതിയില്‍ ആണ്, കാണുന്നത് എന്ന് ഒന്ന് ആലോചിക്കുന്നത് ഉചിതം ആയിരിക്കും, വ്യത്യസ്തങ്ങളായ വീക്ഷണങ്ങള്‍ ആണ് യേശുവിനെ കുറിച്ച് നമുക്കുള്ളത്. നമ്മുടെ ഏതു ആവശ്യങ്ങളും നിറവേറ്റി തരുന്ന ദൈവം, ഏതു രോഗത്തിനും നല്ല വൈദ്യന്‍, കടഭാരങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കുന്ന ദൈവം, ബിസിനസ്സില്‍ തകര്‍ച്ചകള്‍ നേരിടുമ്പോള്‍ അതിനെ നേരിടാന്‍ നമുക്ക് ഒരു ദൈവം ആവശ്യമാണ്‌, അങ്ങനെ നമ്മുടെ ലാഭങ്ങള്‍ കൊയ്യാന്‍ ആവശ്യമായി ഒരു ദൈവം. ദൈവത്തിനു നാം നല്‍കിയിരിക്കുന്ന ഒരു നിര്‍വചനം ആണിത്.

യഥാര്‍ത്ഥത്തില്‍ യേശു ആരാണ്? തന്റെ ശിഷ്യന്മാരോടും , തന്റെ വചനം കേള്‍ക്കുവാന്‍ വന്ന ജനങ്ങളോടും യേശു തമ്പുരാന്‍ ചോദിച്ച ഒരു ചോദ്യം ആണ്, "നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു?"

ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും, മറ്റു ചിലര്‍ ഏലിയാവ്  എന്നും, വേറെ ചിലര്‍ യിരമ്യാവോ , പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്ന് പറയുന്നു എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ‍ ശീമോന്‍ പത്രോസ് , നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു. (മത്തായി 16 : 13 ).

ഇന്ന് യേശു നമ്മോടു ചോദിക്കുക ആണ്, "നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു?"


എന്തായിരിക്കാം നമ്മുടെ മറുപടി?

തന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയിട്ടില്ലാത്തവരെ യേശു തന്റെ നിസ്സീമമായ സ്നേഹസമുദ്രത്തിലേക്ക്  ആഹ്വാനം ചെയ്യുന്നു. നമ്മുടെ സ്വകാര്യ ദുഖങ്ങളെ പങ്കു വെയ്ക്കുവാന്‍, നമ്മുടെ പ്രതിസന്ധികള്‍ മറികടക്കുവാന്‍, നമ്മുടെ തോല്‍വികളില്‍ വിജയം നല്‍കുവാന്‍, നമ്മുടെ രോഗങ്ങളെ സൌഖ്യമാകുവാന്‍, എല്ലാറ്റിലും മതിയായ സ്നെഹിതന്മാര്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കുവാന്‍ തയ്യാറായ സഖിത്വം ആണ് യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നത്.

സ്നേഹിക്കപ്പെടുവാന്‍ അര്‍ഹത ഇല്ല്ലാത്തവരെ സ്നേഹിക്കുന്നതാണ് യേശുവിന്റെ സ്നേഹം.

കുഷ്ടരോഗിയെ  തൊടുന്നവന്‍ അശുദ്ധന്‍ എന്ന പഴയനിയമത്തിന് വിരുദ്ധമായി യേശു കുഷ്ടരോഗിയെ തൊട്ടു. തൊട്ടവന്‍ ആശുദ്ധനായില്ല,  പകരം തൊടപെട്ടവന്‍ ശുദ്ധനായി  മാറി . ഗദ്ശമന തോട്ടത്തില്‍ വെച്ച് തന്നെ ഒറ്റികൊടുക്കുവാന്‍ വന്ന  യൂദയോട് യേശു ചോദിക്കുന്നു. "സ്നേഹിതാ നീ വന്ന കാര്യം എന്ത്?" ശത്രുവിനെ സ്നേഹിക്കുന്ന യേശു. ലോകം മുഴുവനും നമ്മെ എതിര്‍ത്താലും എല്ലാവരും നമ്മെ തള്ളികളഞ്ഞാലും യേശു നമ്മെ സ്നേഹിക്കുന്നു എന്നതാണ് യേശുവിന്റെ സ്നേഹത്തിന്റെ പ്രത്യേകത.

നീ വെള്ളത്തില്‍ കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടു കൂടെ ഇരിക്കും, നീ നദികളില്‍കൂടി കടക്കുമ്പോള്‍ അവ നിന്റെ മീതെ കവിയുകയില്ല, നീ തീയില്‍ കൂടി നടന്നാല്‍ വെന്തു പോകയില്ല, അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുക ഇല്ല. നീ എനിക്ക് വിലയേറിയവനും  മാന്യനും ആയി ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കയാല്‍ ഞാന്‍ നിനക്ക് പകരം മനുഷ്യരെയും നിന്റെ ജീവന് പകരം ജാതികളെയും കൊടുക്കുന്നു. ഭയപ്പെടേണ്ട ഞാന്‍ നിന്നോട്  കൂടെ ഉണ്ട്. (യെശയ്യാവ് 43 :2 )

No comments:

Post a Comment